realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
കോട്ടയത്ത് ഇടതു മുന്നണി എങ്ങനെ സീറ്റു വിഭജനം നടത്തും? കൗതുകത്തൊടെ രാഷ്ട്രീയ നിരീക്ഷകര്‍..
കോട്ടയം ജില്ലയില്‍ ഇടതു മുന്നണി എങ്ങനെ സീറ്റു വിഭജനം പൂര്‍ത്തീകരിക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുക പൂര്‍വ്വം നോക്കുന്നത്. കഴിഞ്ഞ തവണ 2 സീറ്റുകളില്‍ സി.പി.ഐ.യും, ഒരു സീറ്റില്‍ എന്‍.സി.പി.യും, ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസും, പൂഞ്ഞാറ്റില്‍ കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ റിബലും, 3 സീറ്റില്‍ സി.പി.എം. പാര്‍ട്ടി ചിഹ്‌നത്തിലും, ചങ്ങനാശേരിയില്‍ ഡോ. ബി.ഇക്ബാല്‍ ഇടതു സ്വതന്ത്രനായും മത്‌സരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കേരളാ കോണ്‍ഗ്രസിലെ 2 വിഭാഗങ്ങള്‍ സീറ്റുചോദിച്ച് പുതുതായി മുന്നണിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്‌സരിച്ച ജനതാദള്‍ സെക്യുലര്‍ ജില്ലയില്‍ ഒരു സീറ്റ് വിട്ടുകിട്ടണമെന്നാവശ്യപെട്ട് രംഗത്തുണ്ട്. സി.പി.ഐ. കാഞ്ഞിരപ്പള്ളിയിലും, വൈക്കത്തുമാണ് മത്‌സരിച്ചത് കാഞ്ഞിരപ്പള്ളിയില്‍ പരാജയപെട്ടു. വൈക്കത്ത് ജയിച്ചു. വൈക്കത്തെന്തായാലും സി.പി.ഐ. സ്ഥാനാര്‍ത്ഥി തന്നെ മത്‌സരിക്കും. പിന്നെ വച്ചുമാറലിനു സാധിക്കുക കാഞ്ഞിരപ്പള്ളി മാത്രമാണ്. 2  സീറ്റില്‍ നിന്നും പിന്നോക്കം പോകാന്‍ സി.പി.ഐ. ഒരിക്കലും സമ്മതിക്കുകയുമില്ല. കാരണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ ജില്ല എന്ന പരിഗണന ഉള്ളതിനാല്‍ സീറ്റുകള്‍ വിട്ടുകൊടുക്കുക പ്രായോഗീകമല്ല. വൈക്കത്ത് കെ. അജിത്തിന് രണ്ടു തവണ അവസരം കൊടുത്തതുകൊണ്ട് ഇത്തവണ അജിത്തിനെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കുമെന്നാണ് കരുതുന്നത്. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി. പ്രദീപ് അജിത്തിന്റെ പകരക്കാരനാകുമെന്നാണ് കരുതുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ജനയുഗത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അഡ്വ. വി.ബി. ബിനു, എ.ഐ.എസ്എഫ്. സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, അഡ്വ. സി.ജി. സേതുലക്ഷ്മി എന്നിവരിലൊരാലാണ് സി.പി.ഐ. തന്നെ മത്‌സരിക്കാന്‍ തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥിയാവുക. കഴിഞ്ഞ തവണ പാലായില്‍ എന്‍.സി.പി. സ്ഥാനാര്‍ത്ഥിയായിരുന്നു മത്‌സരിച്ചത് കഴിഞ്ഞ 5 വര്‍ഷവും മണ്ഡലത്തില്‍ തന്നെ വിവിധ സമരങ്ങളും മറ്റുമായി സജീവമായിരുന്ന മാണി സി. കാപ്പനാണ് 2 തവണ തുടര്‍ച്ചയായി കെ.എം. മാണിക്കെതിരെ മത്‌സരിച്ച ഏക സ്ഥാനാര്‍ത്ഥി 23000 വോട്ടിന്റെ ലീഡില്‍ നിന്ന് കാപ്പന്റെ മികച്ച പ്രവര്‍ത്തന ശൈലിയും കുടുംബ രാഷ്ട്രീയ ബന്ധങ്ങളും ആദ്യ തവണ 8000 വോട്ടുകളിലേയ്ക്കും രണ്ടാം തവണ 5000 വോട്ടിലേയ്ക്കും ലീഡ് കുറച്ചുകൊണ്ടുവന്നിരുന്നു. ഇത്തവണ കാപ്പന്‍ തന്നെ മത്‌സരിക്കുകയും, ഇടതു മുന്നണി പ്രവര്‍ത്തകര്‍ ചിട്ടയായ ഇലക്ഷന്‍ പ്രവര്‍ത്തനവും നടത്തിയാല്‍ കെ.എം. മാണിയുടെ അടിപതറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടതും, കേരളാ കോണ്‍ഗ്രസ് പി.സി. ജോര്‍ജ് വിഭാഗം മാണിയുമായി തെറ്റിപ്പിരിഞ്ഞതും, ബാര്‍ കോഴാ ആരോപണങ്ങളും, ബജറ്റ് വിറ്റു കാശുണ്ടാക്കിയെന്ന ആരോപണങ്ങളുമെല്ലാം കെ.എം.മാണിക്കെതിരായ വോട്ടായി മാറുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. പാലായേക്കാള്‍ മാണിക്ക് കൂടുതല്‍ സുരക്ഷിത മണ്ഡലം കടുത്തുരുത്തിയണെന്ന് കടുത്തുരുത്തിയിലെ പഴയ മാണി ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയുന്നുമുണ്ട്. ചിലപോള്‍ സഭയുടെ ഒത്താശയില്‍ ഡിജോ കാപ്പന്‍ പൊതു സമ്മത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ്. മുന്നണിയുടെ ഭാഗമായി മത്‌സരിച്ചേക്കാം. അങ്ങനെ വന്നാല്‍ മാണി സി. കാപ്പന്റെയും, എന്‍.സി.പി.യുടേയും നിലപാട് നിര്‍ണ്ണായകമാകും. കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്‌സരിച്ച സ്റ്റീഫന്‍ ജോര്‍ജ് മുന്നണി വിട്ടുപോയതും, പി.സി. തോമസ് എക്‌സ്.എം.പി. അടക്കമുള്ള നേതാക്കള്‍ ആ പാര്‍ട്ടി വിട്ടുപോയതും കടുത്തുരുത്തി സീറ്റ് വീണ്ടും സ്‌കറിയാ തോമസ് വിഭാഗത്തിനു കൊടുക്കുമോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റായിരുന്ന തോമസ് അരയത്ത് ജേക്കബ് ഗ്രൂപ്പിലേയ്ക്കും മറ്റും ചേക്കേറിയിരുന്നു. അല്ലെങ്കില്‍ സ്‌കറിയാ തോമസ് തന്നെ മത്‌സരരംഗത്തെത്താനുള്ള സാധ്യതയുമുണ്ട്. സീറ്റ് വച്ചുമാറല്‍ പ്രക്രിയയ്ക്കായി നീക്കിവയ്ക്കാനുള്ള സാധ്യതയും ഉണ്ട്. അതായത് പാലാ സീറ്റ് ക്രൈസ്തവ സഭയുടെ സ്ഥാനാര്‍ത്ഥിയായി രംഗത്തു വരുന്ന സ്വതന്ത്രര്‍ക്ക് വിട്ടുകൊടുത്ത് എന്‍.സി.പി.ക്ക് കടുത്തുരുത്തി നല്‍കുക. അങ്ങനെ വന്നാല്‍ സുഭഷ് പുഞ്ചക്കോട്ടില്‍, ജിമ്മി ജോര്‍ജ്, മാണി സി. കാപ്പന്‍ തുടങ്ങിയവരിലൊരാള്‍ കടുത്തുരുത്തിയില്‍ മത്‌സരിക്കും. ഏറ്റുമാനൂരില്‍ മത്‌സരിക്കുന്നതിനായി നിലവിലെ ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും, സിറ്റിംഗ് എം.എല്‍.എ. സുരേഷ് കുറുപ്പും തമ്മില്‍ ചില വടംവലി അരങ്ങേറുന്നുണ്ട്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി വൈക്കം വിശ്വന്റെ പേരും കേള്‍ക്കുന്നു.  ചങ്ങനാശേരി സുരേഷ് കുറുപ്പിന് നല്‍കി വാസവന്‍ ഏറ്റുമാനൂരില്‍ മത്‌സരിക്കാമെന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞു വന്ന സമയത്താണ് കേരളാ കോണ്‍ഗ്രസ് വിമതര്‍ മുന്നണിയിലേയ്ക്ക് വന്നിരിക്കുന്നത്. അവര്‍ ഡോ. കെ.സി. ജോസഫിനായി ചോദിക്കുന്നത് ചങ്ങനാശേരി സീറ്റാണ്. കോട്ടയം സീറ്റില്‍ സി.ഐ.ടി.യു. നേതാവിനെയും കഴിഞ്ഞ തവണ കോട്ടയം പാര്‍ലമെന്റ് സീറ്റിലേയ്ക്ക് പരിഗണിച്ച പി.കെ. ഹരികുമാറിനേയും സി.പി.എം. പരിഗണിക്കുന്നുണ്ട്. കൂടാതെ സുരേഷ് കുറുപ്പിനോട് കോട്ടയത്തേയ്ക്ക് മാറി മത്‌സരിക്കാന്‍ ആവശ്യപെടുന്നുമുണ്ട്. മുന്‍ ജില്ലാ പഞ്ചായത്തംഗം അനില്‍ കുമാറിന്റെ പേരും കോട്ടയവുമായി ബന്ധപെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എങ്കിലും കോട്ടയം ആരുമായും വച്ചുമാറാനും ഒരു വേള സി.പി.എം. തയ്യാറായേക്കും. പുതുപ്പള്ളിയിലും ഈ വര്‍ഷം പുതിയ ചാവേറുകളാരേയെങ്കിലും കണ്ടത്തേണ്ടിയിരിക്കുന്നു സി.പി.എമ്മിന്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് മണര്‍കാടുസ്വദേശിയായതിനാല്‍ പരിഗണിക്കപെടുന്നവരില്‍ മുമ്പനാണ്. പൂഞ്ഞാറ്റില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്‌സരിക്കുമെന്ന് പി.സി. ജോര്‍ജ് അവകാശപെടുന്നുണ്ടെങ്കിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ്, മുന്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ. ജോര്‍ജ് ജെ. മാത്യു തുടങ്ങിയ പേരുകളും പൂഞ്ഞാറിലും പറഞ്ഞു കേള്‍ക്കുന്നു. പി.സി. ജോര്‍ജിനോട് കെ.എം. മാണിക്കെതിരെ പാലായില്‍ മത്‌സരിക്കാനും ആവശ്യപെടുന്നുണ്ടെന്നറിയുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജിനെതിരെ ബി.ജെ.പി.യും ഹൈന്ദവ സ്ഥാനാര്‍ത്ഥിയെ ഇറക്കുന്ന സാഹചര്യമുണ്ടായാല്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി ഇടതു മുന്നണിക്കായി മത്‌സര രംഗത്തെത്തിയേക്കാം. അങ്ങനെ വന്നാല്‍ സി.പി.എം. ഈ സീറ്റ് സി.പി.ഐ.യില്‍ നിന്നും ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. കെ.ജേ. തോമസോ ജോര്‍ജ് ജെ. മാത്യുവോ, ഡിജോ കാപ്പനോ കാഞ്ഞിരപ്പള്ളിയില്‍ മത്‌സരിക്കാന്‍ പരിഗണിക്കപെടും. മറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയാല്‍ തന്നെ മത്‌സരിക്കും. മറിച്ചായാല്‍ സി.പി.ഐ. പകരം കോട്ടയമോ, കടുത്തുരുത്തിയോ ഏറ്റെടുത്ത് കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. കടുത്തുരുത്തിയില്‍ മാണി ഗ്രൂപ്പിലെ ചില വിമതരെ ഇപോഴും സി.പി.എം. പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇപ്രകാരമായേക്കാം. ചങ്ങനാശേരി -  ഡോ.കെ.സി. ജോസഫ് കേരളാ കോണ്‍ഗ്രസ് (വിമതര്‍) കാഞ്ഞിരപ്പള്ളി -  ഡിജോ കാപ്പന്‍ ഇടതു സ്വതന്ത്രന്‍ പൂഞ്ഞാര്‍ -  പി.സി. ജോര്‍ജ് കേരളാ കോണ്‍ഗ്രസ് (ജോര്‍ജ്) പാലാ -  മാണി സി. കാപ്പന്‍ എന്‍.സി.പി. പുതുപ്പള്ളി -  ജെയ്ക്ക് സി. തോമസ് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് (സി.പി.എം.) ഏറ്റുമാനൂര്‍ -  അഡ്വ. സുരേഷ് കുറുപ്പ് സി.പി.എം. കോട്ടയം -  അഡ്വ. പി.കെ ഹരികുമാര്‍ സി.പി.എം. കടുത്തുരുത്തി -    സി.പി.ഐ. വൈക്കം -  പി. പ്രദീപ് സി.പി.ഐ. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ സാധ്യതാ പട്ടിക. പാലാ -  കെ.എം. മാണി (കേരളാ കോണ്‍ഗ്രസ് എം) കടുത്തുരുത്തി -  മോന്‍സ് ജോസഫ് (കേരളാ കോണ്‍ഗ്രസ് എം) ഏറ്റുമാനൂര്‍ -  തോമസ് ചാഴികാടന്‍ (കേരളാ കോണ്‍ഗ്രസ് എം) ചങ്ങനാശേരി -  സി.എഫ്. തോമസ് (കേരളാ കോണ്‍ഗ്രസ് എം) കാഞ്ഞിരപ്പള്ളി -  ഡോ. എന്‍. ജയരാജ് (കേരളാ കോണ്‍ഗ്രസ് എം) കോട്ടയം -  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോണ്‍ഗ്രസ് ഐ) പുതുപ്പള്ളി -  ഉമ്മന്‍ ചാണ്ടി (കോണ്‍ഗ്രസ് ഐ) വൈക്കം -  സനീഷ് കുമാര്‍ (കോണ്‍ഗ്രസ് ഐ) പൂഞ്ഞാര്‍ -  ടോമി കല്ലാനി (കോണ്‍ഗ്രസ് ഐ).
 
picture
chaithanya